Paris terror attacks: Anonymous declares cyber-war against ISIS

പാരീസ്: പാരിസില്‍ ആക്രമണ പരമ്പര നടത്തി നിരവധിപേരെ കൊന്നൊടുക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചു.യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇവര്‍ ഐഎസിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങളും അനീതിയും അക്രമങ്ങളും സംഭവിക്കുമ്പോള്‍ സൈബര്‍ യുദ്ധം നടത്തി ആഗോള തലത്തില്‍ ശ്രദ്ധനേടിയ സംഘമാണ് അനോണിമസ്. ലോകത്തങ്ങുമുള്ള അനോണിമസ് സംഘാംഗങ്ങള്‍ നിങ്ങളെ വേട്ടയാടുമെന്ന് ഫ്രഞ്ച് ഭാഷയില്‍ പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

നവംബര്‍ 13ന് നിങ്ങള്‍ ഞങ്ങളുടെ രാജ്യതലസ്ഥാനത്ത് തുടര്‍ ആക്രമണം നടത്തി. നിങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഇവിടെ തുടക്കമിടുകയാണ്. സൈബര്‍യുദ്ധത്തിനായി തയാറെടുത്തുകൊള്ളൂ. യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞൂ- വീഡിയോയിലൂടെ അജ്ഞാത സംഘം അറിയിച്ചു. മണിക്കൂറുകള്‍ക്കകം 1.3 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.

https://youtu.be/NmF3os5se6g

 

ഐ.എസിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെങ്കിലും ആശയ പ്രചാരണം നടത്താനും വിവരങ്ങള്‍ കൈമാറാനും സോഷ്യല്‍മീഡിയയടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്ന അവര്‍ക്ക്‌ അനോണിമസിന്റെ ഭീഷണിയെ അവഗണിക്കാനാകില്ല. ഫ്രാന്‍സിലെ ചാര്‍ളി ഹെബ്ദോ മാസികക്കു നേരെ നടന്ന ആക്രമണത്തിലും സമാനമായ യുദ്ധപ്രഖ്യാപനം അവര്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഐ.സിന്റെ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തകര്‍ത്തിരുന്നു.

നിരീക്ഷകര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഇന്റര്‍നെറ്റിലെ ആശയവിനിമയ സംവിധാനങ്ങളും ഐ.എസ് പതിവായി ഉപയോഗിക്കുന്നുണ്ട്. ഇവിടെയും അനോണിമസ് അംഗങ്ങളെ ഐ.എസിന് നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് അവകാശവാദം.

Top