പാരീസ് ഒളിംപിക്സ്; യോഗ്യത നേടാനാകാതെ ചാമ്പ്യന്മാരായ ബ്രസീല്‍

പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍. തെക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടിന്റെ സെമി ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടാണ് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. 77-ാം മിനുറ്റില്‍ ലൂസിയാനോ ഗോണ്ടോയാണ് ഗോള്‍ നേടിയത്. ജയത്തോടെ അര്‍ജന്റീന യോഗ്യത നേടുകയും ചെയ്തു.

കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും മെഡല്‍ ജേതാക്കളായിരുന്നു ബ്രസീല്‍. 2016, 2020 വര്‍ഷങ്ങളില്‍ സ്വര്‍ണമെഡലും നേടിയിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീലിന് യോഗ്യതാ പരീക്ഷണം അതിജീവിക്കാനാകാതെ പോകുന്നത്. 2004, 2008 വര്‍ഷങ്ങളിലെ സ്വര്‍ണമെഡല്‍ ജേതാക്കളായിരുന്നു അര്‍ജന്റീന.

വെനസ്വേലയോടും പരാഗ്വേയോടും സമനില വഴങ്ങിയതോടെ യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്ക് ജയം അനിവാര്യമായിരുന്നു. പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് യോഗ്യത്. നിലവില്‍ അര്‍ജന്റീനയ്ക്ക് അഞ്ച് പോയിന്റാണുള്ളത്, ബ്രസീലിന് മൂന്ന് പോയിന്റും. പരാഗ്വേയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Top