ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ രക്ഷിതാക്കളുടെ മൊഴിയെടുത്തു

മലപ്പുറം: ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുത്തു. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്‍പാകെയാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്. കുറ്റാരോപിതരായ ഡോക്ടര്‍മാരുടെ കൂടി മൊഴിയെടുത്ത ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

തെളിവെടുപ്പ് പുരോഗമിക്കുകയാണന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പിതാവ് എന്‍സി ഷെരീഫ് കളക്ട്രേറ്റിലെത്തി മൊഴി നല്‍കി. ആദ്യമായാണ് തങ്ങളുടെ ഭാഗം കേള്‍ക്കുന്നതെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷെരീഫ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കളക്ടര്‍ മൊഴി നല്‍കുന്നതിനായി ബന്ധുക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

Top