മാതാപിതാക്കള്‍ക്ക് കാര്‍ വാങ്ങി നല്‍കണം; ഐപിഎല്‍ താരം വൃന്ദ ദിനേശ്

ബെംഗളൂരു: കര്‍ണാടക ക്രിക്കറ്റ് താരം വൃന്ദ ദിനേശിന് ഏറെ സന്തോഷം നല്‍കിയ ദിവസമായിരുന്നു ഇന്നലെ. ഇനിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത താരത്തെ തേടി യു പി വാരിയേഴ്‌സിന്റെ വിളി വന്നു. 1.3 കോടി രൂപയ്ക്കാണ് വൃന്ദയെ യു പി വാരിയേഴ്‌സ് താരലേലത്തില്‍ സ്വന്തമാക്കിയത്. പിന്നാലെ തന്റെ മാതാവിനെ വൃന്ദ ഫോണില്‍ വിളിച്ചു. റായ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്രയിലായിരുന്ന വൃന്ദയുടെ മാതാവ് സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞു.

1.3 കോടി രൂപ തനിക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്നില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താന്‍ ശ്രമിക്കും. ഐപിഎല്ലില്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കും. അലിസ ഹീലി, താലിയ മഗ്രാത്ത്, ഡാനിയേല വയറ്റ്, സോഫി എക്ലിസ്റ്റോണ്‍ തുടങ്ങിയ മികച്ച താരങ്ങളുള്ള ടീമാണ് യു പി വാരിയേഴ്‌സ്. ഇവര്‍ക്കൊപ്പം കളിക്കാന്‍ ലഭിച്ച അവസരം വലുതാണെന്നും വൃന്ദ ദിനേശ് പറഞ്ഞു.

ഐപിഎല്ലിലെ നേട്ടത്തിന് പിന്നാലെ വലിയ പദ്ധതികള്‍ ഇട്ടിരിക്കുകയാണ് വൃന്ദ ദിനേശ്. താന്‍ മാതാവിനെ വീഡിയോ കോളില്‍ വിളിച്ചില്ല. കാരണം തന്റെ മാതാവ് കണ്ണീരണിയുന്നത് തനിക്ക് കാണേണ്ടതില്ല. തന്റെ മാതാപിതാക്കള്‍ക്ക് വളരെ സന്തോഷമായി. മാതാപിതാക്കള്‍ക്ക് അഭിമാനമാകുകയാണ് തന്റെ അടുത്ത ലക്ഷ്യം. അവര്‍ക്ക് ഒരു കാര്‍ വാങ്ങി നല്‍കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. അത് പൂര്‍ത്തിയാക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും വൃന്ദ ദിനേശ് വ്യക്തമാക്കി.

 

Top