വണ്ടിപ്പെരിയാര്‍ കേസ്; മുഖ്യമന്ത്രിയെ കണ്ട് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസില്‍ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് ആവശ്യം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ 6 വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.

Top