അഫീലിന്റെ മരണം :അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് മാതാപിതാക്കളുടെ പരാതി

കോട്ടയം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നും കേസില്‍ നിന്ന് രക്ഷ നേടുന്നതിനായി സംഘാടകര്‍ വ്യാജരേഖകള്‍ ഉണ്ടാക്കുന്നതായും അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സണും ഡാര്‍ളിയും ആരോപണമുയര്‍ത്തി.

സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് വിവിധ അന്വേഷണസമിതികള്‍ കണ്ടെത്തിയെങ്കിലും വീഴ്ചയില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അഫീലിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരായി അയച്ചിരുന്നില്ല എന്നഅധികൃതരുടെ വാദവും തെറ്റാണെന്ന് ഇവര്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണ്, സംഘാടകര്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയത്, അപകടം നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്റെ പിതാവ് അറിയിച്ചു.

അഫീലിന്റെ ഫോണിലെ കോള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. അഫീലിന്റെ ഫോണ്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. അഫീല്‍ ഫോണ്‍ പാസ്‌വേഡ് ഉപയാഗിച്ച് ലോക്ക് ചെയ്തിരുന്നു. ചില സുഹൃത്തുക്കള്‍ക്ക് ഈ പാസ്‌വേഡ് അറിയാമായിരുന്നു. ലോക്ക് തുറക്കുന്നതിന് പോലീസ് വിളിച്ചുവരുത്തിയ സുഹൃത്തുക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോള്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി ജോണ്‍സണെ അറിയിച്ചത്.

അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. സംസ്ഥാന ജൂനിയര്‍ അത്ലറ്റ് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടനത്തില്‍ പിഴവുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ നാലിനാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സന്റെ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫീല്‍ ഈ മാസം 21നാണ് മരിച്ചത്.

Top