സ്‌കൂളിലെ ദലിത് പാചകക്കാരിക്ക് നേരെ പാത്രങ്ങള്‍ വലിച്ചെറിഞ്ഞു പ്രതിഷേധം !

ചെന്നൈ: സ്‌കൂളിലെ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കള്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് ജാതി വിവേചനത്തിന്റെ നേര്‍ച്ചിത്രം അരങ്ങേറിയത്.

പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞു പ്രതിഷേധിച്ചവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുണ്ട്. തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പി.പപ്പലിനെ നിയമിച്ചതിനെതിരെയാണു പ്രതിഷേധവുമായി മറ്റു ജാതിക്കാര്‍ രംഗത്തുവന്നത്.

പപ്പലിനെ പാചകക്കാരിയായി നിയമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

അവരുടെ പരാതിയില്‍ 87 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി, വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്.

ജില്ലാ ഭരണകൂടം ഇടപെട്ടു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനം പപ്പലിന് ഒരുക്കിക്കൊടുത്തിട്ടുണ്ട്.

Top