ജനല്‍ കമ്പി വളച്ച് വീടിനുള്ളില്‍ കടന്നു; വീട്ടമ്മയുടെ മൂന്ന് പവന്റെ മാല തട്ടിയെടുത്ത് മോഷ്ടാവ്

പരവൂര്‍; അര്‍ധരാത്രിയില്‍ ജനല്‍ കമ്പി പൊളിച്ച് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു. പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കുറുമണ്ടല്‍ പുല്ലുവിള വീട്ടില്‍ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ കനകമ്മയുടെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വീട്ടിന്റെ മുന്നിലെ ജനലിന്റെ കമ്പി വളച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി, കരച്ചില്‍ കേട്ട് ഭര്‍ത്താവ് ഉണര്‍ന്നെങ്കിലും മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് ജനലഴിയിലൂടെ തന്നെ പുറത്ത് കടക്കുകയായിരുന്നു. പരവൂര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി വിശദമായ പരിശോധന നടത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.ഐ. വി.ജയകുമാര്‍ അറിയിച്ചു.

Top