പറവൂര്‍ വിസ്മയ കൊലപാതകം; സഹോദരി ജിത്തു പിടിയില്‍

കൊച്ചി: പറവൂരിലെ വിസ്മയ കൊലക്കേസില്‍ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം.

കാക്കനാട് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഈ സാഹചര്യത്തില്‍ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന്‍ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

Top