പറവൂര്‍: നവകേരള സദസ്സിന് പണം നല്‍കാന്‍ നേരത്തെയെടുത്ത തീരുമാനം പറവൂര്‍ മുന്‍സിപ്പാലിറ്റി റദ്ദാക്കിയെങ്കിലും പണം അനുവദിച്ച് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നല്‍കണമെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു.എതിര്‍പ്പുമായി യു.ഡി എഫ് ഭരണ സമിതി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.റദ്ദാക്കിയ ഇന്നത്തെ തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.തുടര്‍ന്നാണ് അദ്ദേഹം ചെക്കില്‍ ഒപ്പിട്ടത്.
നവകേരളസദസ്സ് ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ്. ആഹ്വാനം. ഫണ്ട് ഒരുകാരണവശാലും അനുവദിക്കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. നഗരസഭകള്‍ ഒരുലക്ഷം രൂപവരെ ഫണ്ട് നല്‍കണം എന്നാണ് ഉത്തരവ്.കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നവകേരളസദസ്സ് ധൂര്‍ത്താണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. രാജ്കുമാര്‍ അഭിപ്രായം ഉന്നയിച്ചെങ്കിലും മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ അഭിപ്രായം പറഞ്ഞില്ല.
സംഭവം വിവാദമായതോടെ പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ ആരായാലും നടപടിയെടുക്കുമെന്ന് ബുധനാഴ്ച വി.ഡി. സതീശന്‍ വ്യക്തമാക്കി. അതോടെ നഗരസഭ ചുവടുമാറ്റി. വ്യാഴാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് പണം നല്‍കാനുള്ള തീരുമാനം റദ്ദുചെയ്ത്, വിവരം ഡി.സി.സി.യെ അറിയിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ബീനാ ശശിധരന്‍ പറഞ്ഞു. ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ അനുവദിച്ച തുക കൈമാറരുതെന്നും മുനിസിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.











