paravoor-tragedy-ADGP-report

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടിന് നിയന്ത്രണവിധേയമായി നടത്താന്‍ അനുമതി നല്‍കാമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശയില്‍ മേല്‍നടപടിയുണ്ടായാല്‍ എഡിജിപിയും രാഷ്ട്രീയ നേതാക്കളും കുടുങ്ങും.

ആദ്യ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പമെന്ന രൂപത്തില്‍ നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട കമ്മീഷണര്‍ പ്രകാശ്, പിന്നീട് രണ്ടാമത് ആചാരപ്രകാരമുള്ള വെടിക്കെട്ടിന് അനുമതി നല്‍കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് വീണ്ടും കത്ത് നല്‍കിയത് എഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.

ചാത്തന്നൂര്‍ എസിപി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് കമ്മീഷണര്‍ക്ക് മേലുണ്ടായിരുന്നത്.

എന്നാല്‍ ഈ ശുപാര്‍ശ പരിഗണിക്കാതിരുന്ന കളക്ടര്‍ പക്ഷേ വെടിക്കെട്ട് നിരോധിച്ചതായ ജില്ലാ ഭരണകൂടത്തിന്റെ നിലപാട് പൊതുജനങ്ങളെ അറിയിക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

രണ്ടാമത് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശയിലെ തീരുമാനം പോലും കളക്ടര്‍ കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

ആദ്യം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും രണ്ടാമത് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും തമ്മില്‍ വലിയ മാറ്റങ്ങളില്ലാത്തതായിരുന്നു ഇതിനു കാരണമത്രെ.

കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ സാധാരണ ഗതിയില്‍ ഇത്തരം ആചാരപരമായ കാര്യങ്ങള്‍ക്ക് പോലീസിനെ സമീപിക്കുന്നവര്‍ക്ക് വേണ്ടി നല്‍കുന്ന നടപടിക്രമം മാത്രമായതിനാല്‍ ഇക്കാര്യത്തില്‍ പിശകില്ലെന്നാണ് പോലീസിന്റെ വാദം.

ഇനി കമ്മീഷണര്‍ രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനും കുടുങ്ങുന്ന സാഹചര്യമാണ് നിലവില്‍.

പോലീസില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിക്കേണ്ടത് ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമായതിനാല്‍, തന്നെ സമ്മര്‍ദ്ദത്തിലാക്കിയ ഉദ്യോഗസ്ഥന്റെയടക്കം പേരുകള്‍ കമ്മീഷണര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കാള്‍ വിശദാംശങ്ങളടക്കം പരിശോധിച്ച് ഇക്കാര്യങ്ങളില്‍ സത്യം പുറത്ത്‌കൊണ്ട് വരാന്‍ ക്രൈംബ്രാഞ്ചിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും.

കമ്മീഷണറുടെ മൊഴിയാണ് ഇക്കാര്യത്തില്‍ എഡിജിപിയുടെയടക്കം ഭാവി നിര്‍ണ്ണയിക്കുക.

വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കമ്മീഷണറെ വിളിച്ച ഉദ്യോഗസ്ഥന്റെ കാള്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അത് ചെന്നെത്തുക ആഭ്യന്തരവകുപ്പിന്റെ തലപ്പത്തായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, ആചാരപൂര്‍വ്വമായ വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന് എസിപി കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന് പിന്നിലും വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. പോലീസിനെ മാത്രം ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ ഇക്കാര്യങ്ങള്‍ പരസ്യമാക്കാനാണ് തീരുമാനം.

Top