paravoor – police – high court

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ദുരന്തം തടയുന്നതില്‍ പൊലീസ് പൂര്‍ണ്ണ പരാജയമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വെടിമരുന്ന് എവിടെനിന്ന് കൊണ്ടുവന്നുവെന്നും വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നോ എന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ലൈസന്‍സ് ഇല്ലാതെയാണോ കമ്പം നടത്തിയത് എന്നും ഹൈക്കോടതി ചോദിച്ചു.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ആര്‍ഡിഒ നിരോധിച്ച വെടിക്കെട്ട് നടത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. നടപടി സ്വീകരിക്കാത്ത പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുമോ എന്ന് കോടതി ആരാഞ്ഞു.

അപകടത്തിന് കാരണക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി ചോദിച്ചു. സ്ഫോടകവസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും ഇതുള്‍പ്പടെ 7 നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധിക്കുന്നതിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് തുടരണമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാടെടുത്തു.

പരവൂര്‍ വെടിക്കെട്ട് ദുരന്തകേസില്‍ സിബിഐയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ജസ്റ്റിസ് ചിതംബരേഷ് നല്‍കിയ കത്ത് ഹര്‍ജിയായി സ്വീകരിച്ചാണ് കോടതി നടപടി.

Top