Paravoor; Highcourt ordered not to give bail to the accused

HIGH-COURT

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്ത കേസില്‍ പ്രതിസ്ഥാനത്തുള്ള ക്ഷേത്ര ഭരണസമിതിയംഗങ്ങള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പൊലീസിന്റെയും ജില്ല ഭരണകൂടത്തിന്റെയും മേല്‍ കുറ്റം കെട്ടിവെക്കാനാകില്ല. കേസിലെ പ്രതികള്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികള്‍ പൊലീസും ജില്ലാ ഭരണകൂടവുമാണെന്ന വാദമാണ് ക്ഷേത്ര ഭരണസമിതിയംഗങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാ ഭരണകൂടം പൊലീസിനെ അറിയിച്ചില്ല. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ക്ഷേത്ര ഭരണസമിതിയംഗങ്ങളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍, പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി.

പരവൂരില്‍ നടന്നത് മല്‍സരക്കമ്പമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് സാക്ഷികളെ സ്വധീനിക്കാന്‍ ഇടയാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Top