പറവൂർ ഭക്ഷ്യവിഷബാധ; ചികിത്സ തേടി ആശുപത്രിയിൽ എത്തിയവരുടെ എണ്ണം 65 ആയി

കൊച്ചി : എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേര്‍ ചികിത്സ തേടി. ആകെ ചികിത്സ തേടിയവരുടെ എണ്ണം 65 ആയി ഉയർന്നു. 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവർ തൃശൂർ, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. പറവൂർ ടൗണിലെ മജ്ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.

ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.

Top