Paravoor-fire-crack-Shainamol-Police-Conflict

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ ഉത്തരവാദിത്വം പോലീസിന്റെ തലയില്‍ മാത്രം കെട്ടിവെച്ച് തലയൂരാനുള്ള ജില്ലാ കളക്ടറുടെ നീക്കത്തിന് തിരിച്ചടി.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ജില്ലാ കളക്ടര്‍ നിരോധിച്ച മത്സരക്കമ്പം നടത്തുന്നില്ലെന്നുറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട തഹസില്‍ദാര്‍ അപകടസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ജില്ലാ കളക്ടര്‍ ഷൈന മോളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തഹസില്‍ദാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും വെടിക്കെട്ട് നിര്‍ത്തി വെയ്പ്പിക്കാനുള്ള ഉത്തരവ് പോലീസ് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടാണ് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ പോലീസ് പൊളിച്ചടുക്കിയിരിക്കുന്നത്.

ഇതോടൊപ്പം വാക്കാല്‍ വെടിക്കെട്ട് നടത്താന്‍ എഡിഎം അനുമതി നല്‍കിയിരുന്നെന്ന ക്ഷേത്രഭാരവാഹികളുടെ മൊഴിയും കളക്ടര്‍ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഈ രണ്ട് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

ഒന്‍പതിന് അര്‍ധരാത്രിയോടെ മത്സരക്കമ്പം തുടങ്ങി അധികം വൈകാതെ തഹസില്‍ദാര്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

രാത്രി 12.30 വരെ പരവൂരിലുണ്ടായിരുന്ന തഹസില്‍ദാര്‍ രണ്ട് മണിയോടെ തിരുവനന്തപുരത്തെത്തിയതായാണ് രേഖ.

3.10 ന് അപകടം നടക്കുമ്പോള്‍ അദ്ദേഹം തിരുവനന്തപുരം മണക്കാട്ടെ വീട്ടിലായിരുന്നു. 3.18 ന് വില്ലേജ് ഓഫീസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് 6.20ന് അദ്ദേഹം പരവൂരിലെത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വെടിക്കെട്ട് നടക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും മത്സരക്കമ്പം നടക്കുന്നത് പോലീസ് തടഞ്ഞില്ലെന്നുമായിരുന്നു ജില്ലാ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ വിവാദമാക്കിയ കളക്ടര്‍ക്ക് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാവുന്നതാണെന്നതടക്കം തഹസില്‍ദാര്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളും പോലീസ് കണ്ടെത്തിയതും ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായിട്ടുണ്ട്.

ഏപ്രീല്‍ 9ന് രാത്രി മത്സരക്കമ്പം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് ക്ഷേത്രം ഭാരവാഹികള്‍ എഡിഎമ്മിന് നല്‍കിയ അപേക്ഷയില്‍ തഹസില്‍ദാര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ നിയന്ത്രണ വിധേയമായി അനുമതി നല്‍കാവുന്നതാണെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്.

എന്നാല്‍ പിന്നീട് ക്ഷേത്രത്തിന്റെ പരിസരവാസി കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ അളവില്‍ കൂടുതല്‍ കരിമരുന്ന് ഉപയോഗിക്കുന്നത് മൂലം സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടുകയായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടിലും നിയന്ത്രണ വിധേയമായി അനുമതി നല്‍കാവുന്നതാണെന്ന് മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

പോലീസിനെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിച്ച കളക്ടര്‍ സ്വന്തം കീഴുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച കാണാതെ പോയതാണ് അവര്‍ക്കിപ്പോള്‍ വിനയായിരിക്കുന്നത്.

കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കളക്ടര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല 23ന് ലഭിച്ച അപേക്ഷയില്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത് വളരെ വൈകി മത്സരക്കമ്പത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ്.

ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്ത് വെടിക്കെട്ട് വേണ്ടെന്ന തീരുമാനം പരസ്യമായി ജനങ്ങളെ അറിയിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.

കമ്മീഷണറോടുള്ള ‘ഉടക്ക്’ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയാക്കിയതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.

അതേസമയം, വെടിക്കെട്ട് തടയാതിരിക്കാന്‍ പോലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ആഭ്യന്തരസെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഏകപക്ഷീയമായ നടപടി ഉണ്ടായാല്‍ പോലീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ഉന്നതരുടെ വിവരങ്ങള്‍ പോലീസ് തന്നെ പുറത്ത് വിടുമെന്ന വിവരമാണ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നത്.

അതുകൊണ്ട് തന്നെയാണ് ആഭ്യന്തര സെക്രട്ടറി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍, നടപടി സ്വീകരിക്കുന്നതിനു പകരം ഡിജിപിയോട് മറ്റൊരു റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി തേടാന്‍ കാരണമായതെന്നാണ് സൂചന.

ജില്ലാഭരണകൂടത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.

Top