paravoor-fire-crack-commissioner-Shainamol IAS-conflict

കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ നിയന്ത്രണ വിധേയമായി വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തഹസില്‍ദാരുടെയും ഫയര്‍ഫോഴ്‌സിന്റെയും റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി.

നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി രണ്ടാമത് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ജില്ലാ കളക്ടര്‍ കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടത് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

അന്വേഷണ സംഘത്തിന് മുന്നില്‍ ഫയര്‍ഫോഴ്‌സും തഹസില്‍ദാരും നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷണര്‍ ഹാജരാക്കുമെന്നാണ് സൂചന. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനകം തന്നെ പരിശോധിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കാവുന്ന തരത്തിലാണ് എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഈ റിപ്പോര്‍ട്ടുകളെല്ലാം പരിഗണിച്ചാണ് നിയന്ത്രണ വിധേയമായി വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന് കമ്മീഷണര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ രണ്ടാമത്തെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും അനുമതി നല്‍കാതിരുന്ന കളക്ടര്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം ദുരന്തം ഉണ്ടായതിനു ശേഷം പ്രതിഷേധം വഴിതിരിച്ചു വിടാന്‍ കമ്മീഷണറെ കരുവാക്കുകയായിരുന്നുവെന്നാണ് ആരോപണം.

തനിക്കു മുന്നില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയല്ലാതെ കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്താന്‍ സൗകര്യമൊരുക്കാന്‍ വാക്കാല്‍ പോലും കമ്മീഷണര്‍ ഇടപെട്ടിട്ടില്ലെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.

ചാര്‍ജ്ജെടുത്തതു മുതല്‍ കളക്ടറും കമ്മീഷണറും തമ്മിലുണ്ടായ ‘ഉടക്കിന്റെ’ ഭാഗമാണ് കമ്മീഷണര്‍ക്കെതിരായ കളക്ടറുടെ പ്രതികരണമെന്നാണ് പോലീസിനുള്ളിലെ ആരോപണം.

കമ്മീഷണറേക്കാള്‍ ജൂനിയറായ ഐ.എ.എസു കാരെ സാധാരണ ഗതിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ തസ്തികയില്‍ നിയമിക്കരുതെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് കമ്മീഷണര്‍ പ്രകാശത്തെക്കാള്‍ ജൂനിയറായ ഷൈനമോളെ കൊല്ലത്ത് നിയമിച്ചത്. ഇക്കാര്യത്തില്‍ ആഭ്യന്തര-റവന്യു വകുപ്പുകള്‍ എടുത്ത സമീപനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്.

വെടിക്കെട്ട് നടത്തില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ നിലപാടെന്നാണ് ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സ്റ്റേഷന്‍ എസ്.എച്ച്.ഒ യും കമ്മീഷണറെ അറിയിച്ചിരുന്നത്. ലോക്കല്‍ പൊലീസിനു പുറമെ റവന്യൂ, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത കാണിച്ചില്ല.

വെടിക്കെട്ട് തുടങ്ങിയ ഉടനെ ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷം സാമുദായികമായി തന്നെ പടരാന്‍ സാധ്യതയുള്ളതിനാലാണ് അത്തരമൊരു റിസ്‌ക് എടുക്കാതിരുന്നതെന്നും എന്നാല്‍ ക്ഷേത്രം ഭാരവാഹികളോട് വെടിക്കെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നതായും പോലിസ് വ്യക്തമാക്കി.

ഫയര്‍-റവന്യു വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നിരിക്കെ പോലിസിനെ പ്രതിക്കൂട്ടിലാക്കാന്‍ കളക്ടര്‍ നടത്തുന്ന നീക്കം ശരിയായ നടപടിയല്ലെന്നാണ് ഇവര്‍ക്കിടയിലെ അഭിപ്രായം തന്നെ. അതേ സമയം വെടിക്കെട്ട് നടത്തുന്നതിനായി പോലിസിനുമേല്‍ മാത്രമല്ല റവന്യു ഉദ്യോഗസ്ഥര്‍ക്ക് മേലും സമ്മര്‍ദ്ദമുണ്ടായതായാണ് സൂചന.

കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ ഇപ്പോള്‍ ആരോപണ വിധേയരായ ഉന്നതരുടെ അടക്കം മൊബൈല്‍ കാള്‍ വിശദാംശങ്ങളും പരിശോധിക്കപ്പെടുമെന്നതിനാല്‍ ആഭ്യന്തര വകുപ്പും ഇപ്പോള്‍ മുള്‍മുനയിലാണ്. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമന്യേ ഇടപെടലുകള്‍ നടന്നതായും അണിയറയില്‍ സംസാരമുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇക്കാര്യ സ്ഥിരീകരിച്ചാല്‍ ആഭ്യന്തരവകുപ്പിനാണ് തിരിച്ചടിയാവുക. സ്വന്തം നിലയ്ക്ക് സംഭവം അന്വേഷിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതിയുടെ നിരീക്ഷണവുമാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ – ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ കേന്ദ്ര അന്വേഷണം വരുന്നതോടെ പ്രഹസനമാകാനാണ് സാധ്യത. നിയമപരമായി അനുവദിക്കപ്പെട്ടതിലും എത്രയോ ഇരട്ടി വെടിമരുന്നുകള്‍ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടക്കുന്നതെന്നിരിക്കെ പരവൂര്‍ ദുരന്തമുണ്ടായിട്ടും തൃശൂര്‍ പൂര വെടിക്കെട്ടിനടക്കം അനുമതി നല്‍കിയ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടിയും വിവാദമായിട്ടുണ്ട്.

തൃശൂര്‍ ജില്ലാ കളക്ടര്‍ താല്‍പ്പര്യമെടുത്ത് നല്‍കിയ അനുമതിയില്‍ പോലീസ് കടുത്ത അമര്‍ഷത്തിലാണെന്നാണ് വിവരം. എന്തെങ്കിലും അപകടമുണ്ടായാല്‍ അനുമതി കൊടുത്തവരെ ആദ്യം അകത്താക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

രാത്രികാല വെടിക്കെട്ട് കോടതി നിരോധിച്ചതിനാല്‍ തൃശൂര്‍ പൂരത്തിന് പതിവില്‍ നിന്നും വ്യത്യസ്തമായി പകല്‍ വെടിക്കെട്ട് നടത്താനാണ് നീക്കം.

ഇതിനിടെ പരവൂര്‍ വെടിക്കെട്ടില്‍ മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. വെടിക്കെട്ടുകാരന്‍ സുരേന്ദ്രനാണ് ഒടുവില്‍ മരിച്ചത്.

Top