പരഞ്ചയ് ഗുഹ ഠാക്കൂര്‍ത്ത ഇ.പി.ഡബ്ല്യൂ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പരഞ്ചയ് ഗുഹ ഠാക്കൂര്‍ത്ത എക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (ഇ.പി.ഡബ്ല്യൂ) എഡിറ്റര്‍ സ്ഥാനം രാജിവെച്ചു.

പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അദാനി ഗ്രൂപ്പിനെതിരായി സര്‍ക്കാര്‍ വളച്ചൊടിച്ചുവെന്ന റിപ്പോര്‍ട്ട് വീക്കിലി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 500 കോടിയോളം രൂപ അദാനി ഗ്രൂപ്പ് ഇതിലൂടെ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ടായിരുന്നു.

അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസില്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഠാക്കൂര്‍ത്ത രാജി വച്ചിരിക്കുന്നത്. എന്നാല്‍ രാജിക്ക് കാരണം ഈ വിഷയവുമായി ബന്ധപ്പെട്ടാണ് എന്നത്
വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

വീക്കിലിയുടെ പ്രസാധകരായ സമീക്ഷ ട്രസ്റ്റിനും എഴുത്തുകാരായ ഠാക്കൂര്‍ത്ത, അബിര്‍ ദാസ് ഗുപ്ത, മറ്റ് രണ്ട് പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നല്‍കിയത്.

ഇ.പി.ഡബ്ല്യൂവിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചതില്‍ അഭിമാനിക്കുന്നതായും കുടുംബവുമായി ഡല്‍ഹിയില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Top