പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെ മറവില്‍ വന്‍ തട്ടിപ്പ് !

തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍.സി.വി.ആര്‍.ടി എന്ന പേരില്‍ വിവിധ ഹോസ്പിറ്റലുകളെ മുന്‍ നിര്‍ത്തി നടത്തുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ വലിയ തട്ടിപ്പാണെന്ന് ആരോപണം. ഇതു സംബന്ധമായി മുഖ്യമന്ത്രിക്ക് തന്നെ പരാതി ലഭിച്ചതോടെ അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പാലക്കാട് കൂറ്റനാട് സ്വദേശി ശ്രീനിവാസനാണ് പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില ഹോസ്പിറ്റലുകളിലെ ഡോകടര്‍മാരാണ് ഇവരുടെ ‘മാര്‍ഗ്ഗനിര്‍ദേശികള്‍’ എന്നാണ് ബ്രൗഷറില്‍ തന്നെ കാണിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ വിശ്വാസ്യത ചൂണ്ടിക്കാണിക്കുന്നതിനാണ് ഈ തന്ത്രം. കേന്ദ്രഗവണ്‍മെന്റ് അംഗീകാരമുള്ള പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ എന്ന് അവകാശപെട്ടാണ് എന്‍.സി.വി.ആര്‍.ടി എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ ഹോസ്പിറ്റലുകളെ മുന്‍ നിര്‍ത്തി തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി.

വള്ളുവനാട് ഹോസ്പിറ്റലിന് പുറമെ ദയ ഹോസ്പിറ്റല്‍ തൃശ്ശൂര്‍ , കെ.ജി ഹോസ്പിറ്റല്‍ അങ്കമാലി , വി.എസ്.എം ഹോസ്പിറ്റല്‍ കായംകുളം തുടങ്ങി നിരവധി ഹോസ്പിറ്റലുകളുടെ പേരുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ പത്രപരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ഹോസ്പിറ്റലുകള്‍ക്ക് പ്രസ്തുത കോഴ്‌സ് തട്ടിപ്പുമായുള്ള ബന്ധത്തെ കുറിച്ചും ബ്രൗഷറില്‍ മാര്‍ഗ്ഗനിര്‍ദ്ദേശികള്‍ ആയി കാണിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ പങ്കിനെ കുറിച്ചും അന്വേഷണം കൊണ്ടുവന്ന് കുറ്റക്കാരെ ശിക്ഷിക്കണം എന്ന ആവശ്യവും ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ എന്‍.സി.വി.ആര്‍.ടി വൊക്കേഷണല്‍ എജുക്കേഷന്‍ കൗണ്‍സില്‍ എന്നാണ് സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പേര് എന്നും പ്രസ്തുത സ്ഥാപനമായ വാഴയില്‍ തങ്കപ്പന്‍ , മാധയ്യന്‍ ഗുരുനാഥന്‍ എന്നീ രണ്ട് വ്യക്തികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച വെറുമൊരു സ്വകാര്യ സ്ഥാപനം മാത്രമാണെന്നും മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേര്‍സില്‍ നിന്നുള്ള രേഖകള്‍ ചൂണ്ടി കാണിച്ച് പരാതിക്കാരന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല എന്‍.സി.വി.ആര്‍.ടി എന്ന സ്ഥാപനത്തിന്റെ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് IQSVEC( International Quality Standards Vocational Education Council) എന്ന ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ അംഗീകാരമാണ് ഉള്ളത് എന്ന അവകാശവാദം തികച്ചും തട്ടിപ്പാണെന്നും, IQSVEC എന്ന സ്ഥാപനം വാഴയില്‍ തങ്കപ്പനും മാധയ്യന്‍ ഗുരുനാഥന്‍ എന്നിവര്‍ തന്നെ ചേര്‍ന്ന് 2 വര്‍ഷം മുന്‍പ് തുടങ്ങിയ മറ്റൊരു പ്രൈവറ്റ് സ്ഥാപനമാണ് എന്നും കണ്ടെത്തുകയായിരുന്നു.

ലോകത്താദ്യമായി ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസ്തുത ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അംഗീകാരം കൊടുക്കുന്ന ആക്രഡിറ്റേഷന്‍ സ്ഥാപനവും ഒരേ ആള്‍ക്കാര്‍ തന്നെ നടത്തുന്ന മഹാതട്ടിപ്പിനും വിദ്യാര്‍ത്ഥികള്‍ ഇരകളായിട്ടുണ്ടെന്നാണ് ആക്ഷേപം.

എന്‍.സി.വി.ആര്‍.ടി വൊക്കേഷണല്‍ എജുക്കേഷന്‍ കൗണ്‍സില്‍ എന്ന പേര് മാത്രം ലഭിച്ചിട്ടുള്ള സ്ഥാപനം മറ്റൊരു പേരായ NCVRT (National Council of Vocational and Research Training) എന്ന പേരും ഇന്ത്യ ഗവണ്‍മെന്റിന്റെ ലോഗോസും നിയമവിരുദ്ദമായി വെബ് സൈറ്റിലും ബ്രൗഷറിലും ഉപയോഗിച്ച് ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ പ്രതീതി സൃഷ്ടിക്കുകയും അത് മൂലം വിദ്യാര്‍ത്ഥികളേയും മറ്റ് സ്ഥാപനങ്ങളെയും ആകര്‍ഷിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘അതായത് കെജി കോളേജ് എന്ന പേരില്‍ മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേര്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്ഥാപനം കേരള ഗവണ്‍മെന്റ് കോളേജ് എന്ന് പറഞ്ഞ് വെബ് സൈറ്റും ബ്രൗഷറും നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്നതു പോലെയാണ് എന്‍.സി.വി.ആര്‍.ടി തട്ടിപ്പും നടന്നിട്ടുള്ളതെന്നാണ് വാദം.

സംസ്ഥാനത്തെ ചില ഹോസ്പിറ്റലുകളെ മുന്‍പില്‍ നിര്‍ത്തി പാരമെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് കോഴ്‌സുകള്‍ക്ക് IQSVEC എന്ന സ്ഥാപനത്തിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതത്രെ. കേരളത്തിലെ ചില ഹോസ്പിറ്റലിലെ ഡോകടര്‍മാരാണ് പ്രസ്തുത തട്ടിപ്പ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശികള്‍ എന്നുള്ളത് ബ്രോഷറില്‍ തന്നെ വ്യക്തവുമാണ്.

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനമാണ് എന്‍.സി.വി.ആര്‍.ടി എന്ന സ്ഥാപനത്തിന് വേണ്ടി ഫീസ് കൈപറ്റുന്നതും റസീറ്റ് നല്‍കുന്നതും. എന്‍.സി.വി.ആര്‍.ടി എന്ന സ്ഥാപനത്തിന്റെ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളെല്ലാം തന്നെ എന്‍.സി.വി.ആര്‍.ടി എന്ന സ്ഥാപനത്തെകുറിച്ച് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഒരു ഇനീഷ്യേറ്റീവ് എന്നാണ് ബ്രോഷറുകളില്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Top