പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം; ധോണിയുടെ അപേക്ഷ പരിഗണനയിലെന്ന് സൈന്യം

ന്യൂഡല്‍ഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്തണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ അപേക്ഷ പരിഗണനയിലെന്ന് സൈന്യം. അപേക്ഷ ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണെന്നും, സൈന്യം ഇതുവരെ തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ലെന്നും പരിശീലനത്തിന്റെ സമയം, സ്ഥലം, വിഭാഗം എന്നിവ ഇനിയും തീരുമാനിക്കാനുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ടീം ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണി വരുന്ന രണ്ടുമാസം സൈനിക സേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (ബി.സി.സി.ഐ) അറിയിച്ചിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയുടെ 106-ാം ബറ്റാലിയനില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. 2011-ലാണ് ധോനിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുന്നത്. സാധാരണ ഗതിയില്‍ ടെറിട്ടോറിയല്‍ ആര്‍മിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്നാണ് സൂചന.

Top