പാരസെറ്റമോള്‍ ഉള്‍പ്പടെയുളള മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും

ഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഇന്നുമുതല്‍ കൂടും. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാവുക. കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ രണ്ട് ശതമാനവും ആയിരുന്നു വര്‍ധന

പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 1.01 രൂപ വരെയാകാം. നേരത്തെ 500 മില്ലിഗ്രാം പാരസെറ്റമോളിന് 0.91 രൂപയായിരുന്നു വില. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങിയ മരുന്നുകളുടെ വിലയും ഇന്നുമുതല്‍ കൂടും.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. 2013ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള തുടര്‍നടപടികള്‍ക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി നോട്ടീസില്‍ പറയുന്നു.

 

Top