para military officer on arrest hacking kareena kapoor income tax account

തിരുവിട്ട താരാരാധന കൊണ്ടുചെന്നെത്തിച്ചത് ഊരാക്കുടുക്കില്‍. കരീന കപൂറിന്റെ ആരാധകനാണ് സൈബര്‍ പൊലീസ് പിടിയിലായത്.

മുംബൈ സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥന്‍ മനീഷ് തിവാരി എന്ന 26 കാരന്‍ താരത്തോടു സംസാരിക്കാന്‍ അവസരം കിട്ടാന്‍ വേണ്ടി കരീനയുടെ ഇന്‍കം ടാക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. എന്നാല്‍ കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നടിയുടെ ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇന്‍കം ടാക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം താരത്തിന്റേതായി ഡിക്ലറേഷന്‍ ഫോം അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍, കരീന മുമ്പു തന്നെ ഡിക്ലറേഷന്‍ സമര്‍പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ സംശയം തോന്നിയ കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നു മനസ്സിലായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രത്യേക സംഘം മനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്താല്‍ കരീനയുടെ മൊബൈല്‍ ലഭിക്കുമെന്നും അതിലൂടെ കരീനയുമായി സംസാരിക്കാന്‍ സാധിക്കുമെന്നും കരുതിയതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.

കരീനയുടെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ ഗൂഗിളില്‍ പരതുന്നതിനിടെയാണ് മനീഷ് പാന്‍ കാര്‍ഡിനേക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധിച്ചത്. ഇതു വഴി ഇയാള്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയായിരുന്നു.

ജോയിന്റ് കമ്മീഷണര്‍ സഞ്ജയ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘം. ഛത്തീസ്ഗഢില്‍ മനീഷ് ഉണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കരീനയുടെ ഐടി അക്കൗണ്ട് ഹാക്ക് ചെയ്ത ആളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍(ഐപി) അഡ്രസിലൂടെ പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഗൗണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ വഴിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തി.

ആള്‍മാറാട്ടം, ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒക്ടോബര്‍ 1നാണ് കരീനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കാണിച്ച് കേസ് നല്‍കിയത്.

Top