പുലിയുടെ മുന്നില്‍ പുലിക്കുട്ടിയായ രാഖിക്ക് മാര്‍ക്കണ്ഡേയ പുരസ്‌കാരം

പുലിയുടെ കൈയ്യില്‍ നിന്നും സഹോദരനെ രക്ഷിച്ച പതിനൊന്ന് കാരി രാഖിക്ക് ഇന്ത്യന്‍ ശിശുക്ഷേമ കൗണ്‍സിലിന്റെ മാര്‍കണ്ഡേയ പുരസ്‌കാരം. കുഞ്ഞനുജനെ പുലിയുടെ മുന്നില്‍ നിന്നും രക്ഷിച്ച ഉത്തരാഖണ്ഡിലെ ദേവ്കുണ്ഡായി ദല്ലി ഗ്രാമത്തില്‍ ജനിച്ച രാഖി രാജ്യത്തെ ധീരരായ കുട്ടികളുടെ പട്ടികയില്‍ ഇടം പിടിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദല്‍ബീര്‍ സിങ്ങിന്റെയും ശാലിനിയുടെയും മകളായ രാഖിയെയും കുഞ്ഞനുജന്‍ രാഘവിനെയും പുലി ആക്രമിക്കുന്നത്. ഇരുവരെയും പുലി ആക്രമിക്കുമ്പോഴും രാഖി കൈയ്യില്‍ നിന്നും കുഞ്ഞനുജനെ വിട്ടിരുന്നില്ല. പുലി നഖം നെറ്റിയിലാഴ്ന്നിട്ടും രാഘവിനെ അവള്‍ പൊതിഞ്ഞു പിടിച്ചു.

അലറിവിളിച്ചു നാട്ടുകാര്‍ ഓടിയടുത്തതു കൊണ്ടു മാത്രം പുലി കാട്ടിലേക്കു മറഞ്ഞു. രക്തം വാര്‍ന്നൊലിച്ചു ബോധം മറഞ്ഞിട്ടും അവള്‍ രാഘവിനെ ചേര്‍ത്തു തന്നെ പിടിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടം. ഒടുവില്‍ സ്ഥലം എംഎല്‍എയുടെ ഇടപെടലില്‍ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലേക്കു മാറ്റിയതു കൊണ്ടുമാത്രം അവള്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു.

Top