എല്‍എല്‍ബി പരീക്ഷ എഴുതണം, അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 നാണ് രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ നടക്കുന്നത്. അത് എഴുതണമെന്നാണ് അലന്റെ ആവശ്യം. ‘മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം’ എന്നാണ് അലന്‍ ഹര്‍ജിയില്‍ പറയുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരാങ്കാവ് പൊലീസ് അലനെതിരെ യുഎപിഎ കേസ് ചുത്തിയത്. അതേസമയം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയായ അലന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അലന്‍ പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എന്‍ഐഎ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവരുടെ നിലപാട് തേടി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഇത് പരിഗണിച്ച ശേഷമായിരിക്കും ഈ വിഷയത്തില്‍ കോടതി അലന്റെ ഹര്‍ജിയില്‍ വിധി പറയുക.

അതേസമയം അലന്‍ ഷുഹൈബിന്റേയും താഹയുടേയും റിമാന്റ് കാലാവധി കൊച്ചിയിലെ പ്രത്യേക കോടതി നീട്ടിയിരുന്നു. അടുത്ത മാസം 13 വരെയാണ് റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്.

Top