ശബരിമല: തന്ത്രികുടുംബവും രാജകുടുംബവും എന്‍എസ്എസും പുന:പരിശോധന ഹര്‍ജിക്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും.

തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷ്ണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും.

അതിനിടെ തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങള്‍ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. പമ്പയില്‍ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കില്‍ മാത്രമേ നിലവിലുള്ള ക്രമീകരണത്തില്‍ മാറ്റം വരുത്താനും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി.എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top