കടയുടമയെ തലയ്ക്കടിച്ച് പണം കവര്‍ന്ന ഇരട്ട കൊലക്കേസ്‌ പ്രതി പിടിയില്‍

 

പത്തനംതിട്ട: പന്തളത്ത് കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് പണവുമായി കടന്ന പന്തളം സ്വദേശിയായ യുവാവ് പിടിയില്‍.  പന്തളം പരുമ്പുളിക്കല്‍ കാത്തിരവിള വീട്ടില്‍ മെജോ എന്ന് വിളിക്കുന്ന മാത്യൂസ് ജോണ്‍ ആണ് മോഷണകുറ്റത്തിന് ഇപ്പോള്‍ പിടിയിലായത്. 2017 ല്‍ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാള്‍.

ഈ മാസം രണ്ടിന് പന്തളം പെരുമ്പുളിക്കല്‍ കൃഷ്ണാ സ്റ്റോഴ്സ് ഉടമ പുരുഷോത്തമന്റെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു പണവുമായി കടന്ന സംഭവത്തിലാണ് മെജോയെ പൊലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. 7000 ത്തോളം രൂപയാണ് കൃഷ്ണ സ്റ്റോഴ്സില്‍ നിന്നും ഇയാള്‍ കവര്‍ന്നത്. ഒന്നാം തീയതി പന്തളത്ത് സിഎം ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ഇരുചക്ര വാഹന വില്പന കേന്ദ്രത്തില്‍ നിന്നും ആക്ടിവ സ്‌കൂട്ടര്‍ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞു.

മോഷ്ടിച്ച വാഹനവും പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വാഹന മോഷണവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.എസ്എച്ച്ഒ ശ്രീകുമാര്‍, എസ്ഐ മാരായ അനീഷ്, അജുകുമാര്‍, എസ് സിപിഒ മനോജ് കുമാര്‍, സിപിഒമാരായ അമീഷ് കെ, സുബിക്ക് റഹീം, ജയപ്രകാശ്, സുശീല്‍ എന്നിവരടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Top