ആശ്വാസം; ഇറ്റലിയില്‍ നിന്ന് വന്ന പന്തളം സ്വദേശിക്ക് കൊറോണയില്ല

പത്തനംതിട്ട: കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റിലിയില്‍ നിന്ന് വന്ന പന്തളം സ്വദേശിയായ 24കാരനാണ് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിച്ച യുവാവിനെ ചൊവ്വാഴ്ച ഡിസ്ചര്‍ജ് ചെയ്യും.തിങ്കളാഴ്ച രാത്രിയിലാണ് യുവാവിന്റെ പരിശോധനഫലം പുറത്തുവന്നത്.

അതേസമയം ഒരു ഡോക്ടര്‍ അടക്കം നാല് പേരെകൂടി ജില്ലയില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മറ്റി. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എഎല്‍ ഷീജ അറിയിച്ചു.

കേരളത്തില്‍ ഇത് വരെ 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് രണ്ടു പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സൗദി, ദുബായ് എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍ക്കാണ് മലപ്പുറത്തു കൊറോണ സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നു വന്നയാള്‍ക്കാണ് കാസര്‍കോട് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലുമാണ് ഉള്ളത്. ഇന്നലെ 72 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 2297 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1693 പേരുടെ ഫലം നെഗറ്റീവാണ്.

Top