തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങള്‍ പറയാവൂ;ഇ പി ജയരാജന്റെ പ്രസ്താവന തള്ളി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങള്‍ പറയാവൂ എന്നും ഇപിയുടെ പ്രസ്താവന യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും വ്യക്തമാക്കി.

കെ സി വേണുഗോപാലും കേരളത്തില്‍ വന്ന് മത്സരിക്കുകയാണ്. രണ്ടുപേരും മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പഠിപ്പിച്ചത് അമ്മയാണ്. ലക്ഷ്യമാണ് പ്രധാനമെന്ന് അമ്മ പഠിപ്പിച്ചു. എകെജിയുടെ ഓര്‍മയാണ് മനസ്സില്‍. തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും. പെന്‍ഷന്‍ കിട്ടാത്തവരുടെ സങ്കടം വലുതാണ്. വലിയ പ്രശ്‌നമാണത്. അത് പരിഹരിച്ച് തന്നെ ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ബിജെപി രണ്ടാം സ്ഥാനത്തല്ല. ബിജെപിയോട് ജനങ്ങള്‍ക്കുണ്ടായ പ്രണയം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഒരുപാട് ആശങ്കയുണ്ട്. സിഎഎ അവരെ ബുദ്ധിമുട്ടിച്ചു. കോണ്‍ഗ്രസിന് പക്വതയുള്ള നേതൃത്വമില്ലെന്നും ഹിന്ദി മേഖല വിട്ട് രാഹുല്‍ ഗാന്ധി എന്തിന് ഇവിടെ വരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.

Top