തിരുവനന്തപുരത്തുകാര്‍ ഇത്തവണ നന്മയുടെ വഴി തിരയും; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിന്റെ ശബ്ദമാകാന്‍ നിലവിലെ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. തിരുവനന്തപുരത്തുകാര്‍ ഇത്തവണ നന്മയുടെ വഴി തിരയും. ജന്മംകൊണ്ട് കണ്ണൂരെങ്കിലും കര്‍മ്മം കൊണ്ട് ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. സ്ഥാനാര്‍ത്ഥിത്വം വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ്. എന്നാല്‍ ജനങ്ങളുമായുള്ള ബന്ധം കൊണ്ട് അത് മറികടക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രധാന മത്സരം യുഡിഎഫുമായാണ്. ത്രികോണ മത്സരമായി കാണുന്നില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മാവേലിക്കരയിലാണ് ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി പി ഐക്ക് വെല്ലുവിളി നേരിട്ട ഏക മണ്ഡലം. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് തള്ളികളഞ്ഞാണ് സി എ അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയാണ് സി പി ഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്ന അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും തളളിയാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ അംഗമാണ് സി എ അരുണ്‍ കുമാര്‍. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഈ യുവ നേതാവ്.

Top