തച്ചങ്കരിയുടെ തുഗ്ലക്ക് ഭരണത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയെ മോചിപ്പിക്കണമെന്ന് പന്ന്യന്‍

തിരുവന്തപുരം: കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരിയുടെ തുഗ്ലക്ക് പരിഷ്‌ക്കരണത്തില്‍ നിന്നും കെഎസ്ആര്‍ടിസിസിയെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ സ്വത്തായാണ് എംഡി കെഎസ്ആര്‍ടിസിയെ കാണുന്നത്. തച്ചങ്കരിയുടെ പരിഷ്‌ക്കരണ നടപടികള്‍ പലതും കമ്മീഷന്‍ കിട്ടാന്‍ വേണ്ടിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

തച്ചങ്കരി സ്വേച്ഛാധിപതിയാണെന്നും വച്ചുപൊറിപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. പലയിടത്തും മുങ്ങിപ്പൊങ്ങിയ തച്ചങ്കരി അവസാനം കെഎസ്ആര്‍ടിസിയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്റെ സത്യാഗ്രഹത്തിലാണ് പന്ന്യന്റെ പരാമര്‍ശം. സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമടക്കം ടോമിന്‍ തച്ചങ്കരിയുടെ നയങ്ങള്‍ക്കെതിരെയായിരുന്നു സമരം. കഴിഞ്ഞ മാസം ആനത്തലവട്ടം ആനന്ദനും തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Top