പന്നിയങ്കര ടോള്‍; ഹര്‍ജി 30ലേക്ക് മാറ്റി

തൃശ്ശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിലെ ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍നിന്നും അമിത ടോള്‍ ഈടാക്കുന്നതിനെതിരേ ബസുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 30ന് പരിഗണിക്കും. വ്യാഴാഴ്ചയാണ് കേസ് പരിഗണിക്കാനിരുന്നതെങ്കിലും സമയക്കുറവിനെത്തുടര്‍ന്ന് 30ലേക്ക് മാറ്റുകയായിരുന്നു. ദേശീയപാതയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ടോള്‍ പിരിവ് ആരംഭിക്കാനുണ്ടായ സാഹചര്യമാണ് കോടതി പ്രധാനമായും പരിഗണിക്കുക. ഇതിന് വ്യക്തമായ വിശദീകരണം നല്‍കണമെന്ന് കോടതി കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ബസുടമകളുടെ ടോള്‍ നിരക്ക് കുറക്കുന്നതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചില്ല. ദേശീയപാത അതോറിറ്റിയുടെ രാജ്യത്താകെ നടപ്പിലാക്കുന്ന നിയമ വ്യവസ്ഥ മാറ്റാന്‍ ഹൈക്കോടതിക്ക് പരിമിതിയുണ്ടെന്നാണ് ചുണ്ടിക്കാട്ടുന്നത്.

രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകള്‍ക്കും ബാധകമാകുന്ന നിലയില്‍ പുതിയ നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണം. എന്നാല്‍ മാത്രമേ ബസുടമകളുടെ ടോള്‍ നിരക്ക് സംബന്ധിച്ച്‌ തീരുമാനമുണ്ടാകൂ. നിലവില്‍ മാസം 35,000 രൂപക്ക് മുകളില്‍ ടോള്‍ നല്‍കിയാണ് സ്വകാര്യ ബസുകള്‍ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ സര്‍വീസ് നടത്തുന്നത്. ഇത്രയും തുക ടോള്‍ നല്‍കി സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നാണ് ബസുടമകള്‍ പറയുന്നത്.

Top