പാര്‍ട്ടി കൈവിട്ട കെ.ഇ ഇസ്മയിലിനെ പിന്താങ്ങി പന്ന്യന്‍ രവീന്ദ്രന്‍

Pannyan Raveendran

കൊച്ചി : തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും രംഗത്ത്.

മന്ത്രിമാരെ മാറ്റിനിര്‍ത്തിയ പാര്‍ട്ടി തീരുമാനം ശരിയായിരുന്നുവെന്നാണ് പന്ന്യന്‍ രവീന്ദ്രന്റെ വിശദീകരണം.

കെ.ഇ. ഇസ്മയിലുമായി സംസാരിച്ചിരുന്നു. ഇസ്മയില്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിവാദം. പാര്‍ട്ടിയില്‍ ഭിന്നതയില്ല,ഒറ്റക്കെട്ടാണെന്നും പന്ന്യന്‍ പറഞ്ഞു.

ആലോചിച്ച് എടുത്ത തീരുമാനങ്ങളാണ് നടപ്പാക്കിയത്. അത് നൂറുശതമാനം ശരിയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു തീരുമാനങ്ങള്‍. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.

ഇസ്മയിലിനെ തള്ളി സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനിന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും തോമസ് ചാണ്ടിയുടെ രാജി വേണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിലപാടെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.

ഇത് നടപ്പാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.ഇ ഇസ്മയില്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാലാണ് അറിയാതെ പോയത്. എല്ലാ തീരുമാനങ്ങളും ദേശീയ എക്‌സിക്യൂട്ടീവിനെ അറിയിക്കേണ്ടതില്ലെന്നും പ്രകാശ് ബാബു തുറന്നടിച്ചു.

ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.ഇ. ഇസ്മയില്‍ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നും കെ.പ്രകാശ് ബാബു പറഞ്ഞുവയ്ക്കുന്നു. ഇസ്മയിലിന്റെ പരാമര്‍ശം അടുത്ത ബുധനാഴ്ച ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. ഇസ്മയിലിന് നാക്കുപിഴച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും കെ.പ്രകാശ് ബാബു പറഞ്ഞു.

Top