panneer selvam fight sasikala

ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്ന ശശികലക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.

മുഖ്യമന്ത്രിയാകാന്‍ ശശികല അസാധാരണ തിടുക്കം കാണിക്കുന്നെന്നും ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.കൂടാതെ താന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങള്‍ക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടര്‍മാരാണ്.

അവസാന കാലത്ത് ജയലളിതയെ കാണുന്നതില്‍ നിന്ന് ശശികല തന്നെ വിലക്കിയെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

താന്‍ മാത്രമല്ല ഒരു രാഷ്ട്രീയ നേതാവും അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പനീര്‍ശെല്‍വം വീണ്ടും ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ചൊവ്വാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും പനീര്‍ശെല്‍വം ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ജയലളിത ആശുപത്രിയില്‍ കിടന്ന 75 ദിവസവും ഞാന്‍ ആശുപത്രിയില്‍ പോയി. എന്നാല്‍ ഒരിക്കല്‍ പോലും എനിക്ക് അവരെ കാണാനായില്ല. എല്ലാ ദിവസവും എന്റെ വീട്ടുകാര്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് എന്നോട് ചോദിക്കും. പക്ഷേ എനിക്ക് ഉത്തരം നല്‍കാനാവുമായിരുന്നില്ല. ഒടുവില്‍ ഞാന്‍ അവരെ കണ്ടുവെന്ന് എനിക്ക് വീട്ടുകാരോട് നുണ പറയേണ്ട സാഹചര്യം പോലുമുണ്ടായി. പനീര്‍ശെല്‍വം പറഞ്ഞു.

ജയലളിത സുഖം പ്രാപിക്കുന്നുണ്ടെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. ഞങ്ങള്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ അവര്‍ മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാ ശക്തിയും ചോര്‍ന്നുപോയെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ശശികല ഒഴികെ ഗവര്‍ണര്‍ മാത്രം രണ്ടു പ്രാവശ്യം ജയലളിതയെ ആശുപത്രി മുറിയില്‍ കയറി കണ്ടതായാണ് വിവരം. വേറെയാരും കണ്ടതായി ഞാന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല.

തന്റെ നിര്‍ഭാഗ്യമാണോ അതോ താന്‍ വലിയ പാപിയായതുകൊണ്ടാണോ തനിക്ക് അവരെ കാണാന്‍ സാധിക്കാത്തതെന്ന് അറിയില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. അടുത്തിടെ പ്രധാനപ്പെട്ട ചില ഉദ്യോഗസ്ഥര്‍ രാജി വെച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത് അവരുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നാണ് കരുതുന്നതെന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു.

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ അവരെ കാണാനെത്തിയിരുന്നു.

എന്നാല്‍ അവര്‍ക്കാര്‍ക്കും ജയലളിതയെ കാണാനായിരുന്നില്ലെന്നാണ് പനീര്‍ശെല്‍വത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Top