കാഠ്മണ്ഡുവിൽ പാനിപ്പൂരി വില്പന നിരോധിച്ചു

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനിപ്പൂരി വില്പന നിരോധിച്ചു. കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്നാണ് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാനിപൂരിയുടെ വിൽപന നിരോധിച്ചത്. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. പാനിപ്പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാൾ ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.

ഏഴ് കേസുകളിൽ കാഠ്മണ്ഡു മെട്രോപോളിസിലും ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുധാനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപ്പിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ചുമൻലാൽ ദാഷ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേർ കോളറ മുക്തരായി ആശുപത്രി വിട്ടു.

Top