പരിഭ്രാന്തനായി ട്രംപ്, തിരഞ്ഞെടുപ്പില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ വംശജ കമല

സകല നിയന്ത്രണവും വിട്ട അവസ്ഥയിലാണിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരം നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. കോവിഡ് വ്യാപനം വംശീയ ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം ട്രംപിന് വലിയ ഭീക്ഷണിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ട്രംപിന് എതിരാളികളും ശക്തമാണ്. എങ്കിലും വെളുത്ത വര്‍ഗ്ഗക്കാരുടെ ഏകീകരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ട്രംപ് മുന്നോട്ട് പോകുന്നത്. എന്നാല്‍ മറു ഭാഗത്തെ സ്ഥിതി അതല്ല. ഇത്തവണ ഡെമോക്രാറ്റിക്കുകള്‍ വലിയ ശക്തരാണ്. അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ശക്തമായ വെല്ലുവിളിയാണ് ട്രംപിന് ഉയര്‍ത്തുന്നത്.

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ നവംബര്‍ 3ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മോദിയുമൊത്ത് നടത്തിയ രണ്ട് റാലികളിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നത് ഇന്ത്യന്‍ വംശജരുടെ വോട്ടുകളായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ ഈ വോട്ട് ബാങ്കില്‍ കണ്ണുവച്ച് തന്നെയാണ് ഇന്ത്യന്‍ വംശജയായ കമലഹാരീസിെ, ഡെമോക്രാറ്റിക്കുകള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മിന്നുന്ന പ്രകടനമാണ് ജോ ബൈഡന്റെ അസാന്നിധ്യത്തില്‍ പോലും കമലഹാരിസ് നടത്തിയിരിക്കുന്നത്. കമലയുടെ ഈ ജനപ്രീതിയില്‍ ഭയന്ന് അവരെ കമ്യൂണിസ്റ്റാക്കി ചിത്രീകരിക്കാനാണ് ട്രംപ് ഇപ്പോള്‍ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് വിരുദ്ധ വികാരം ഉയര്‍ത്തുക എന്നതാണ് ഇതിലൂടെ ആത്യന്തികമായി ട്രംപ് ലക്ഷ്യമിടുന്നത്. കമല വിജയിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ പ്രസിഡന്റായി അവരോധിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസും തമ്മിലുള്ള തിരഞ്ഞെടുപ്പ് സംവാദത്തെ കുറിച്ച് വളരെ മോശമായാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ‘കമല ഹാരിസ് ഒരു കമ്മ്യൂണിസ്റ്റാണെന്ന് ഫോക്‌സ് ന്യൂസിനോടാണ് ട്രംപ് പ്രതികരിച്ചത്.

‘ഒരു കമ്മ്യൂണിസ്റ്റിനെയാണ് കിട്ടാന്‍ പോകുന്നത്. ‘ജോ’ പ്രസിഡന്റ് സ്ഥാനത്ത് രണ്ടുമാസം പോലും തുടരില്ലെന്നും ട്രംപ് തുറന്നടിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. അഭിമുഖത്തിലുടനീളം കമലാ ഹാരിസ് കമ്മ്യൂണിസ്റ്റാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. ‘അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ലെന്നും ട്രംപ് ആരോപിക്കുന്നു. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് കമല ഹാരിസ് ആഗ്രഹിക്കുന്നതെന്നും, അഭിമുഖത്തില്‍ ട്രംപ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രതികരണം പരാജയഭീതിയില്‍ നിന്നാണെന്നാണ് പ്രമുഖ നയതന്ത്ര വിദഗ്ദര്‍ തന്നെ ഇപ്പോള്‍ വിലയിരുത്തുന്നത്. തനിക്ക് എതിരായ ജനവികാരത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായ ജനവികാരമാക്കി തിരിച്ചു വിടാനാണ് ട്രംപ് ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ് കമല ഹാരീസിനെ കമ്മ്യൂണിസ്റ്റാക്കി ചിത്രീകരിച്ച് കടന്നാക്രമിക്കുന്നത്. കമലയുടെ പല കാഴ്ചപ്പാടുകളും സോഷ്യലിസ്റ്റ് കാഴ്ചപാടുകളായതിനാല്‍ പ്രചരണം ഏശുമെന്നാണ് ട്രംപ് കരുതുന്നത്. എന്നാല്‍ ഈ പ്രചരണം ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ക്യൂബയോട് പോലും പഴയ ശത്രുത മനോഭാവം അമേരിക്കക്കാര്‍ക്കില്ല. അമേരിക്കന്‍ ഉപരോധം മറികടന്ന് ആരോഗ്യ രംഗത്ത് ക്യൂബയുണ്ടാക്കിയ നേട്ടങ്ങള്‍ അത്ഭുതത്തോടെയാണ് അമേരിക്കന്‍ ജനത നോക്കി കാണുന്നത്. ഈ കോവിഡ് കാലത്ത് പോലും ശത്രുത മറന്ന് അമേരിക്കന്‍ സഖ്യരാജ്യങ്ങളെ ഉള്‍പ്പെടെ സഹായിക്കാന്‍ രംഗത്തിറങ്ങിയതും ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. ബ്രിട്ടണും ഇറ്റലിക്കുമെന്നും ഈ സഹായം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ഇതു സംബന്ധമായ വാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളിലും വ്യാപകമായാണ് പ്രചരിച്ചിരുന്നത്. മാറുന്ന അമേരിക്കന്‍ യുവത്വത്തിന്റെ മനസ്സാണ് ട്രംപ് ഇവിടെ കാണാതെ പോയിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയൊന്നും പുതിയ കാലത്ത് ഒരിക്കലും വിലപ്പോവുകയില്ല. ട്രംപ് ഭരണകൂടത്തിന്റെ ചെയ്തികള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ കമ്യൂണിസ്റ്റുകളായി ചൂണ്ടിക്കാട്ടുകയാണെങ്കില്‍ അങ്ങനെ തന്നെ ‘ഇരിക്കട്ടെ’ എന്ന് പ്രതികരിക്കുന്നവരാണ് കമല ഹാരീസിന്റെ അനുയായികള്‍. ചെന്നൈയില്‍ ജനിച്ച് 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറ്റം നടത്തിയ ശ്യാമള ഗോപാലിന്റെയും ജമൈക്കയില്‍ നിന്ന് അമേരിക്കയിലെത്തിയ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് 57-ക്കാരിയായ കമല ഹാരിസ്.

അര്‍ബുദ ഗവേഷണ രംഗത്ത് സജീവമായിരിക്കെ വംശീയതക്കെതിരായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ട് പൊതുരംഗത്ത് എത്തിയ അമ്മയുടെ വഴിയില്‍ തന്നെ കമലയും ചെറുപ്പത്തില്‍ തന്നെ സജീവമാവുകയായിരുന്നു. 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായും അവര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അന്നത്തെ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി ഏറെ അടുപ്പമുണ്ടായിരുന്ന കമല 2017ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയര്‍ സെനറ്ററുമായിരുന്നു. വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ കമല സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതുകൊണ്ട് തന്നെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പോലും കമല ഹാരിസിന്റെ പേര് മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ജോ ബൈഡന് വേണ്ടി അവര്‍ സ്വയം പിന്മാറുകയാണുണ്ടായത്. ഇതിനു ശേഷമാണ് ഇന്ത്യന്‍ ആഫ്രിക്കന്‍ വേരുകളുള്ള കമലയെ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചത്. ഇന്ന് അമേരിക്ക ഏറെ ചര്‍ച്ച ചെയ്യുന്നതും ഈ ഇന്ത്യന്‍ വംശജയെ കുറിച്ചാണ്. ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡനേക്കാള്‍ ഏറെ ഭയക്കുന്നതും ഈ പെണ്‍പുലിയെ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ കമലയെയും കമ്യൂണിസ്റ്റാക്കിയിരിക്കുന്നത്.

Top