‘ഐ കില്‍ഡ് ബാപ്പു’ വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി

മുംബൈ: ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി. സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യം. രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് അന്‍സാരിയാണ് ഹര്‍ജി നല്‍കിയത്.

സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനലിനോട് കോടതി ആവശ്യപ്പെട്ടു. വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിക്കാണെന്നാണ് സിനിമ പറയുന്നതെന്നും ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ ‘ഹീറോ’ ആക്കുന്നുവെന്നും ഹരജിക്കാരന്‍ ആരോപിച്ചത്. ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും മുഹമ്മദ് അന്‍സാരി ആരോപിക്കുന്നു.

സിനിമ പരിശോധിക്കാന്‍ പാനലിന് രൂപം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്‌സെ, സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ എന്നിവരുടെ പാനലിന് രൂപം നല്‍കി. ഇവര്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചെലവ് ഹര്‍ജിക്കാരന്‍ വഹിക്കണം.

Top