paneershelvam started political game in tamilnadu

ചെന്നൈ: ശശികലക്കെതിരെ സുപ്രീം കോടതി വിധിവന്ന പശ്ചാത്തലത്തില്‍ വര്‍ദ്ധിത വീരത്തോടെ പനീര്‍ശെല്‍വത്തിന്റെ നീക്കം.

നിയമസഭ വിളിച്ച് ചേര്‍ത്ത് വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണ്ണര്‍ തന്നോട് ആവശ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ശശികല അഴിക്കുള്ളിലാവുമെന്ന് ഉറപ്പായതോടെ ഇനി അധികം പേര്‍ അവര്‍ക്കൊപ്പം നില്‍ക്കില്ലന്നാണ് പനീര്‍ശെല്‍വ വിഭാഗത്തിന്റെ പ്രതീക്ഷ.

ഓരോ എം എല്‍ എ എമാരെയും നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കാനാണ് നീക്കം. ഡി എം കെ ഇതിനകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ്സില്‍ ചിദംബരവിഭാഗം കൂടെ ഉള്ളതിനാല്‍ വിശ്വാസവോട്ടില്‍ പകുതി കോണ്‍ഗ്രസ്സ് അംഗങ്ങളെങ്കിലും തുണക്കുമെന്നാണ് പ്രതീക്ഷ.

ബി ജെ പിയാണ് പനീര്‍ശെല്‍വത്തിന് പിന്നില്‍ എന്നതാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് പിന്തുണ നല്‍കുന്നതിനുള്ള ഏക തടസ്സം. ഡി എം കെയാവട്ടെ 6 വര്‍ഷം പുറത്ത് നിന്നു ഇനി 4 വര്‍ഷം കൂടി നില്‍ക്കാന്‍ വയ്യ എന്ന നിലപാടിലാണ് പനീര്‍ശെല്‍വത്തെ പിന്തുണക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അനിവാര്യമായ ഘട്ടത്തില്‍ പിന്നീട് പിന്തുണ പിന്‍വലിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാം എന്നാണ് പ്ലാന്‍. ആരെ ഗവര്‍ണ്ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചാലും വിശ്വാസവോട്ട് രഹസ്യമായി നടത്താനാണ് സാധ്യത.

അങ്ങനെ വന്നാല്‍ കൂടുതല്‍ എം എല്‍ എമാര്‍ ശശികല പക്ഷത്ത് നിന്ന് തനിക്ക് വോട്ട് ചെയ്യുമെന്നാണ് പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ.

വന്‍ കുതിര കച്ചവടത്തിനും കാല് മാറ്റത്തിനുമാണ് ഇനിയുള്ള മണിക്കൂറുകള്‍ തമിഴകത്ത് സാക്ഷ്യം വഹിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാട്ടുന്നത്.

അതേസമയം അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

Top