പാണ്ഡ്യക്കും രാഹുലിനും പകരക്കാര്‍; ശുഭ്മാന്‍ ഗില്ലിനെയും വിജയ് ശങ്കറിനെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി

മുംബൈ: ടെലിവിഷന്‍ ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരക്കാരെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനെയും, യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെയുമാണ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. വിജയ് ശങ്കര്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പായി മാത്രമേ ടീമിന്റെ ഭാഗമാകുകയുള്ളു. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

വിവാദത്തിലുള്‍പ്പെട്ട പാണ്ട്യയേയും, രാഹുലിനേയും കഴിഞ്ഞ ദിവസമാണ് അന്വേഷണ വിധേയമായി ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. ഇരുവരും ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരങ്ങളാണ്.

ഓള്‍ റൗണ്ടറായ വിജയ് ശങ്കര്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ച് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. സമീപകാലത്ത് ഇന്ത്യ എ ടീമിനായും മികച്ച പ്രകടനമാണ് വിജയ് ശങ്കറിന്റേത്. അതേ സമയം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനാണ് ശുഭ്മാന്‍.

Top