സച്ചിനും അനില്‍ അംബാനിയും കുടുങ്ങുമോ, പാന്‍ഡോറ പേപ്പറില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണത്തിലുണ്ടാവും.

വിവിധ രാജ്യങ്ങളിലെ നേതാക്കള്‍, സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണു വെളിപ്പെടുത്തലിനു പിന്നില്‍. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകളുണ്ട്.

പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍, നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് ഉള്ളത്. ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്.

ഭൂരിഭാഗവും രാഷ്ട്രത്തലവന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയുമാണ്. ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്റെ സമ്പാദ്യം, ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ എല്ലാം രേഖകളിലൂടെ വെളിപ്പെട്ടിരുന്നു.

Top