ലോകത്തെ കൊറോണ ബാധിത മരണം 15,000 കടന്നു; മിക്ക രാജ്യങ്ങളിലും വിലക്ക്

കൊറോണ ബാധിച്ച് ലോകരാജ്യങ്ങങളില്‍ മരണപ്പെടുന്നവരുടെ എണ്ണം 15,000 കടന്നതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയെടുത്തിരിക്കുകയാണ് മിക്ക രാജ്യങ്ങളും. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സ് മാറ്റിവയ്ക്കും. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയില്‍ ആകെ മരണം 5,500 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത് ഇറ്റലിയിലാണ്. നാലരക്കോടി മാത്രം ജനങ്ങളുള്ള സ്‌പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതര്‍ 434 പേര്‍. സ്‌പെയിനില്‍ മൊത്തം മരണം 2206 ആയി.

ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനില്‍ രോഗികളുടെ എണ്ണം കാല്‍ലക്ഷത്തോട് അടുത്തു. 192 രാജ്യങ്ങളിലായി നിലവില്‍ മൂന്നരലക്ഷത്തിലേറെ രോഗികളുണ്ട്. ഭേദമായവര്‍ ഒരു ലക്ഷം. യൂറോപ്യന്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയതിനു പിന്നാലെ ഏഷ്യന്‍ വിപണികളും തകര്‍ന്നു.

യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയര്‍, പെന്‍സില്‍വേനിയ എന്നിവ അതിര്‍ത്തികള്‍ അടച്ചു. യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്നു വീടിനകത്ത്. ആകെ രോഗികള്‍ 34,000 പേര്‍. മരണപ്പെട്ടത് 400ലേറെ പേര്‍. വൈറസിന്റെ ആസ്ഥാനമായി മാറിയ ന്യൂയോര്‍ക്കില്‍ ലോകത്തെ ആകെ കോവിഡ് രോഗികളില്‍ 5%; 10 ദിവസത്തിനകം വെന്റിലേറ്ററുകള്‍ക്കു ക്ഷാമമുണ്ടാകുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ അറിയിച്ചിരുന്നു. ഇറ്റലിയില്‍ ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടര്‍മാര്‍, രാജ്യത്തിനകത്തു യാത്ര നിരോധിച്ചു. വിജനമായി റോം. ഐസലേഷന്‍ നിര്‍ദേശം ലംഘിച്ചു ബീച്ചിലെത്തുന്നവരെ പിടികൂടാന്‍ പൊലീസ് പട്രോളിങ്. ആകെ രോഗികള്‍ 60,000 പേര്‍.

Top