പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്റെ മരണ കാരണം തലക്കേറ്റ ക്ഷതം ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : പന്തളത്ത് കല്ലേറില്‍ പരുക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണ കാരണം തലക്കേറ്റ ക്ഷതം. പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയില്‍ പൊതുദര്‍ശനത്തിനു ശേഷം പന്തളത്തേക്കു കൊണ്ടു പോകുന്നു.

ചന്ദ്രന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അമിത രക്തസ്രാവവും മരണകാരണമായി. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇത് വിരുദ്ധമായ വിവരങ്ങളാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

നേരത്തെ ഇയാളുടെ മരണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയ സ്തംഭനം മൂലമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്. പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരുക്കേറ്റാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണന്‍, അജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് പൊലീസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും പൊലീസിന്റെ നിസംഗതയാണ് ഉണ്ണിത്താന്റെ മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.

സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ചന്ദ്രന്‍ ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നുവെന്നും അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ വ്യക്തമാക്കിയിരുന്നു.

ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതശരീരം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബേക്കറി തൊഴിലാളിയായിരുന്നു ചന്ദ്രന്‍ ഉണ്ണിത്താന്‍. ഭാര്യ വിജയമ്മ. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കള്‍ എത്തിയ ശേഷമായിരിക്കും അന്ത്യോപചാര ചടങ്ങുകള്‍ നടക്കുക.

Top