പന്തളത്ത് പ്രകടനം നടത്തിയത് പൊലീസിന്റെ വിലക്ക് ലംഘിച്ച് : പത്തനം തിട്ട എസ്പി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന് കാരണമായതെന്നും എസ്പി പറഞ്ഞു.

സംഘര്‍ഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

അതേസമയം പന്തളത്തുണ്ടായ സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി അംഗം മരിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണന്‍, അജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബുധനാഴ്ച ശബരിമല കര്‍മസമിതിസിപിഎം സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ കര്‍മസമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. കല്ലേറില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സി.പി.എം ഓഫീസില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.

Top