ശബരിമല വിഷയം; അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ശശികുമാര വര്‍മ്മ

sasikumara-varma

പന്തളം: ശബരിമല ഹര്‍ജികളില്‍ അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മ.

മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസമെന്നും ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

നാമജപം ആയുധമാക്കുവാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തും. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു, ശശികുമാര വര്‍മ്മ വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരായുളള പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിധി പ്രസ്താവിച്ച ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റ ഗോഗോയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പാക്കിയശേഷമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവയും ഭരണഘടനാ ബെഞ്ചിനു മുമ്പാകെ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍, തന്ത്രിക്കും മറ്റുമെതിരേ എ.വി. വര്‍ഷ, ഗീതാകുമാരി എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരും രേഷ്മാ നിഷാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു.ശബരിമല തന്ത്രി, എന്‍.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ ഒരു കേസില്‍ വരുന്നതുതന്നെ അത്യപൂര്‍വമാണ്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തുടര്‍ന്ന് നിരവധി പുന:പരിശോധനാ ഹര്‍ജികള്‍ വന്നിരുന്നുവെങ്കിലും ജനുവരി 22ന് പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്.

Top