കെട്ടിട നമ്പറിനു കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍

കുമളി: പമ്പ്ഹൗസിനു കെട്ടിട നമ്പര്‍ അനുവദിക്കാന്‍ ഏലം കര്‍ഷകനില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കുമളി പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് അജികുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. 10,000 രൂപയും കണ്ടെത്തി. ചെങ്കര കുരിശുമല സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലാണു നടപടി.

ഏലത്തോട്ടത്തില്‍ നിര്‍മിച്ച പമ്പ്ഹൗസിനു കെട്ടിട നമ്പര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയെങ്കിലും കൈക്കൂലിയായി 15000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 3 ദിവസം മുന്‍പ് 5,000 രൂപ കൊടുത്തു. ബാക്കി 10,000 രൂപയും കൂടി കിട്ടാതെ നമ്പര്‍ നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിജയകുമാര്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ 10,000 രൂപ ഇന്നലെ അജികുമാറിന് കൈമാറി.

തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍ നിന്നു സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജികുമാര്‍. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

Top