Panama: Will resign if proven guilty- Nawas Sheriff

ഇസ്‌ലാമാബാദ്: പാനമ കള്ളപ്പണ നിക്ഷേപം, അനധികൃത സമ്പാദ്യം അടക്കമുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാജിവെക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്. തനിക്കും കുടുംബത്തിനും എതിരായ ആരോപണം തെളിയിക്കാനും എതിരാളികളോട് ശെരീഫ് ആവശ്യപ്പെട്ടു. ശെരീഫിന്റെ മൂന്നു മക്കള്‍ക്ക് വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് പാനമ രേഖകള്‍ വെളിപ്പെടുത്തിയത്.

11.5 മില്യണിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ശെരീഫിന്റെ കുടുംബത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍, വിദേശത്ത് സ്വത്തില്ലെന്നാണ് ശെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയമ കമീഷനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പാനമ രേഖകളിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശെരീഫിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ തെഹ് രീകി ഇന്‍സാഫ് പാര്‍ട്ടിയാണ് പ്രക്ഷോഭ പരിപാടികളില്‍ മുന്നിലുള്ളത്.

Top