panama: one more malayali listed

ന്യൂഡല്‍ഹി: പാനമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് പണം നിക്ഷേപിച്ചവരുടെ ലിസ്റ്റില്‍ ഒരു മലയാളി കൂടി. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരാണ് പട്ടികയിലുള്ളത്. ഗില്‍ഡിങ് ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ഇയാള്‍.

ഇന്നലെ തിരുവനന്തപുരം സ്വദേശിയായ മലയാളി ജോര്‍ജ്ജ് മാത്യുവിന്റെ പേര് പട്ടികയിലുള്ളതായി കണ്ടെത്തിയിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് ചേക്കേറിയ പ്രവാസിയാണ് ജോര്‍ജ്ജ് മാത്യു. വിവാദ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ പേരും ലിസ്റ്റിലുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ട പേരാണ് നീരാ റാഡിയയുടേത്. വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായാണ് അവര്‍ ഇതുവരെ അറിയപ്പെട്ടിരുന്നത്.

എന്നാല്‍ ഇവര്‍ക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡിലുള്ള ഒരു കമ്പനിയില്‍ നിക്ഷേപമുണ്ടെന്നാണ് പാനമ രേഖകളില്‍ വ്യക്തമാവുന്നത്. 1994ല്‍ രജിസ്റ്റര്‍ ചെയ്ത ക്രൗണ്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എന്ന കമ്പനിയുടെ ഡയറക്ടര്‍ നീരാ റാഡിയയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം, നീരാ റാഡിയയുടെ അച്ഛന്റെ കമ്പനിയാണ് ഇതെന്നും റാഡിയക്ക് കമ്പനിയുമായി ബന്ധമില്ലെന്നുമാണ് റാഡിയയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

സിംഗപ്പൂരിലേക്ക് ചേക്കേറിയ പ്രവാസിയായതിനാല്‍ ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നിയമങ്ങളോ ആദായ നികുതി വകുപ്പിന്റെ നിയമങ്ങളോ തനിക്ക് ബാധകമല്ലെന്ന് ജോര്‍ജ്ജ് മാത്യുവും വ്യക്തമാക്കിയിട്ടുണ്ട്.

Top