‘സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളത്’; സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബാംഗങ്ങള്‍ ഖാസിമാരായ മഹല്ലുകളുടെ ഏകോപനത്തിനായുള്ള പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മഹല്ലുകളുടെ ഏകോപനത്തിന് വിപുലമായ ഒരു സംവിധാനം വേണമെന്ന് രണ്ട് വര്‍ഷത്തോളമായിചിന്തിച്ചിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പണ്ഡിതന്‍മാരുമായും ആലോചന നടത്തിയിരുന്നു. സമസ്തയുമായി എന്റെ പിതാമാഹന്‍മാര്‍ക്ക് അഭേദ്യമായ ബന്ധമാണുള്ളത്.

പിതാമഹാന്‍മാരുടെ പിന്തുണ സമസ്തക്ക് എക്കാലത്തും ശക്തിപകര്‍ന്നു. ആ ബന്ധം ഉപേക്ഷിക്കാന്‍ ഞങ്ങളുടെ രക്തബന്ധം അനുവദിക്കില്ല. സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷന്‍. ചിലര്‍ അതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യവസ്ഥാപിതമായ ഒരു ചട്ടം വേണം എന്നായിരുന്നു ആലോചന. മഹല്ലുകളായ വിവിധ പ്രശ്‌നങ്ങള്‍ഏകോപിപ്പിക്കുക എന്നതാണ് ഖാസി ഫൗണ്ടേഷന്റെ ഉദ്ദേശം. സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം എല്ലാ കാലത്തും തുടരണമെന്നും പല കാര്യങ്ങളും കൂട്ടായി ചെയ്യേണ്ടതുണ്ടെന്നും സമസ്ത മുഷാവറ അംഗം എം ടി അബ്ദുള്ള മുസലിയാര്‍ പറഞ്ഞു.

Top