മോഹന്‍ലാൽ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ഉടൻ ആരംഭിക്കും

മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രം മലയാളത്തില്‍ മാത്രമായി നിര്‍മ്മിക്കപ്പെടുന്ന ഒന്നല്ല. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെട്ട്, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ മൊഴിമാറ്റ പതിപ്പുകളും വരുന്ന രീതിയിലാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ പേര് വൃഷഭ എന്നാണ്. ചിത്രത്തിന്റെ സംവിധാനം നന്ദ കിഷോര്‍. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ ഈ പ്രോജക്റ്റിനൊപ്പം ചേരുന്നതായി ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏക്തയുമായുള്ള ചര്‍ച്ചകള്‍ക്കായി യാഷ് രാജ് ഫിലിംസിന്റെ മുംബൈ ഓഫീസില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഇപ്പോഴിതാ പ്രോജക്റ്റിലെ ഏക്തയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

ഏക്ത കപൂറിനും മറ്റ് അണിയറക്കാര്‍ക്കുമൊപ്പമുള്ള മോഹന്‍ലാലിന്റെ ഓദ്യോഗിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. തരണ്‍ ആദര്‍ശ് അടക്കമുള്ള പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തലമുറകളിലൂടെ സഞ്ചരിക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ മാസാവസാനം ആരംഭിക്കുമെന്നും തരണ്‍ അറിയിക്കുന്നു. മോഹന്‍ലാല്‍ നായകനാവുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും വൃഷഭ.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണ് ഇത്. 200 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക. ബാഹുബലിയുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്റെ സാന്നിധ്യം എത്രത്തോളം സഹായകരമായോ അതേപോലെയാവും വൃഷഭ ടീമിലെ ഏക്ത കപൂറിന്റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.

Top