മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’ തുടങ്ങി

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായ വിവരം ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സഹിതം മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2024 ല്‍ ഇന്ത്യന്‍ സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും വലിയ ഒന്നെന്നാണ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ വൃഷഭയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിലെ സന്തോഷം പങ്കുവച്ചുകൊണ്ട് ഏക്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു- “ഈ അഭിനയ പ്രതിഭയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്സിലും മുന്നില്‍ നില്‍ക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം. 2024 ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ ഒരേസമയം എത്തും”, ഏക്ത കപൂര്‍ പറഞ്ഞിരുന്നു.

Top