ഹാര്‍ലിയുടെ അഡ്വഞ്ചര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 ഇന്ത്യയിലേക്ക്

ക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലിയുടെ അഡ്വഞ്ചര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 ഇന്ത്യയിലെത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2-3 മാസത്തിനുള്ളില്‍ പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ലിയുടെ അഡ്വഞ്ചര്‍ ബൈക്ക് സ്റ്റാന്‍ഡേര്‍ഡ്, പാന്‍ അമേരിക്ക സ്‌പെഷ്യല്‍ എന്നീ രണ്ട് പതിപ്പിലും ഇന്ത്യയിലെത്തും.

കോര്‍ണേറിങ് എബിഎസ്, ലീന്‍-സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്ട്രോള്‍, ക്രൂയിസ് കണ്ട്രോള്‍, സെമി-ആക്റ്റീവ് സസ്‌പെന്‍ഷന്‍, റൈഡിങ് മോഡുകള്‍, 6.8-ഇഞ്ച് ടച്ച്-സെന്‍സിറ്റീവ് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ പാന്‍ അമേരിക്ക 1250-യിലുണ്ട്. 19-ഇഞ്ച് മുന്‍വീലും 17-ഇഞ്ച് പിന്‍ വീലുമാണ് പാന്‍ അമേരിക്ക 1250-യ്ക്ക്. സ്റ്റാന്‍ഡേര്‍ഡ്, പാന്‍ അമേരിക്ക സ്‌പെഷ്യല്‍ മോഡലുകള്‍ക്ക് അല്ലോയ്വീലുകളാണ്.

ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250-യ്ക്ക് പൂര്‍ണമായും ക്രമീകരിക്കാവുന്ന ഷോവ അപ്‌സൈഡ് ഡൗണ്‍ മുന്‍ സസ്പെന്‍ഷനും മോണോ പിന്‍ സസ്‌പെന്‍ഷനുമാണ് ലഭിക്കുന്നത്. പാന്‍ അമേരിക്ക 1250-യ്ക്ക് 1252 സിസി റെവൊല്യൂഷന്‍ മാക്‌സ് വി-ട്വിന്‍ എന്‍ജിന്‍ ആണ് കരുത്തേകുന്നത്. 9,000 ആര്‍പിഎമ്മില്‍ 150 എച്ച്പി പവറും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നിര്‍മ്മിക്കുന്നത്.

ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകള്‍, ലിക്വിഡ്-കൂളിംഗ്, വേരിയബിള്‍ വാല്‍വ് ടൈമിംഗ്, നാല്-വാല്‍വ് സിലിണ്ടര്‍ ഹെഡുകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ റെവൊല്യൂഷന്‍ മാക്‌സ് വി-ട്വിന്‍ എന്‍ജിനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250-യ്ക്ക് സ്ലിപ്പര്‍ ക്ലച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ലഭിക്കുന്നത്.

പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിനെ അടുത്തിടെ കമ്പനി തായ്ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് തായ്‌ലന്‍ഡില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഹാര്‍ലിയുടെ സാഹസിക ബൈക്കിന്റെ വില ആരംഭിക്കുന്നത് തായ്‌ലന്‍ഡിലെ 8,99,000 ബാത്ത് (ഏകദേശം 20.99 ലക്ഷം രൂപ) മുതലാണ്. 2021 ഫെബ്രുവരിയിലാണ് ബൈക്ക് ആഗോള തലത്തില്‍ അരങ്ങേറിയത്. ബിഎംഡബ്ല്യു R 1250 GS ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ പാന്‍ അമേരിക്കയുടെ മുഖ്യ എതിരാളി എന്നാണ് റിപ്പോര്‍ട്ട്.

 

Top