Pampore: Encounter continues as toll rises to 7; militants still inside EDI building

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഞായറാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന പോരാട്ടത്തില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഉധംപൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ക്യാപ്റ്റന്‍ തുഷാര്‍ മഹാജനാണ് മരിച്ചത്.

ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ജില്ലയില്‍ പാംപൂരിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് (ഇഡിഐ) കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താന്‍ സൈന്യം അവസാന ഘട്ട ശ്രമത്തിലാണ്. ശക്തമായ വെടിവയ്പ്പാണ് മേഖലയില്‍ നടക്കുന്നത്. മൂന്നോ അഞ്ചോ ഭീകരര്‍ കെട്ടിടത്തിലുണ്ടാവുമെന്നാണ് സൈന്യം കരുതുന്നത്.

ശനിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചതോടെ സൈന്യം തിരിച്ചടിച്ചു. ഇതിനെ തുടര്‍ന്ന് ഭീകരര്‍ അടുത്തുള്ള ഇഡിഐ കെട്ടിടത്തിനുള്ളില്‍ കടന്നു. ഇവിടെവച്ച് ഒരു ജീവനക്കാരനെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും മറ്റു സുരക്ഷാസേനയും ചേര്‍ന്നു വളഞ്ഞു. ഇഡിഐ സമുച്ചയത്തില്‍ ഹോസ്റ്റലും അതിഥിമന്ദിരവും ഉള്‍പ്പെടെ മൂന്നു കെട്ടിടങ്ങളാണുള്ളത്. കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനക്കാരെ മുഴുവനും സൈന്യം ഒഴിപ്പിച്ചു. പ്രദേശവാസികളെയും സ്ഥലത്തു നിന്ന് മാറ്റി. ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.

പിന്നീടാണ് ഭീകരരെ തുരത്താനുള്ള നടപടി ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകളായിരുന്നു കുടുങ്ങി കിടന്നിരുന്നത്. തലസ്ഥാനമായ ശ്രീനഗറിന് 16 കിലോമീറ്റര്‍ അകലെയാണ് പാംപോര്‍.

Top